മലമേലെ തിരി വെച്ച്
പെരിയാറിന്‍ തളയിട്ട്
ചിരിതൂകും പെണ്ണല്ലേ ഇടുക്കി.
ഇവളാണിവളാണ് മിടുമിടുക്കി.
മലയാളക്കരയുടെ മടിശ്ശീല നിറയ്ക്കണ
നനവേറും നാടല്ലോ ഇടുക്കി.
ഇവളാണിവളാണ് മിടുമിടുക്കി.
ഇവിടുത്തെ കാറ്റാണ് കാറ്റ്...
മല മൂടും മഞ്ഞാണ് മഞ്ഞ്
കതിര്‍ കനവേകും മണ്ണാണ് മണ്ണ്
കുയിലുമല ചെരിവുകളില്‍
കിളിയാറിന്‍ പടവുകളില്‍
കുതിരക്കല്ലങ്ങാടി മുക്കില്‍...
ഉദയഗിരി തിരുമുടിയില്‍
പൈനാവിന്‍ വെണ്‍മണിയില്‍
കല്ലാറിന്‍ നനവോലും കടവില്‍...
കാണാമവളേ കേള്‍ക്കാമവളേ...
കനകപ്പൂമ്പൊളുന്തൊത്ത പെണ്ണ്.
നറുചിരികൊണ്ട് പുതച്ചിട്ട്
മിഴിനീരും മറച്ചിട്ട്
കനവിന്‍ തൈ നട്ടുണരും നാട്...
നെഞ്ചിലലിവുള്ള മലനാടന്‍ പെണ്ണ്.
മലമേലെ തിരി വെച്ച്
പെരിയാറിന്‍ തളയിട്ട്
ചിരിതൂകും പെണ്ണല്ലേ ഇടുക്കി.
ഇവളാണിവളാണ് മിടുമിടുക്കി.
കുറുനിരയില്‍ ചുരുള്‍മുടിയില്‍
പുതുകുറിഞ്ഞി പൂതിരുവും
മൂന്നാറിന്‍ മണമുള്ള കാറ്റ്...
പാമ്പാടും പാറകളില്‍
കുളിരുടുമ്പന്‍ ചോലകളില്‍
കൂട്ടാറില്‍ പോയി വരും കാറ്റ്...
പോരുന്നിവിടെ ചായുന്നിവിടെ
വെടിവട്ടം പറയുന്നുണ്ടിവിടെ...
അവള്‍ തൊടിയെല്ലാം നനച്ചിട്ട്
തുടു വേര്‍പ്പും തുടച്ചിട്ട്
അരയില്‍ കൈ കുത്തിനില്‍ക്കും പെണ്ണ്
നല്ല മടവാളിന്‍ ചുണയുള്ള പെണ്ണ്.
മലമേലെ തിരി വെച്ച്
പെരിയാറിന്‍ തളയിട്ട്
ചിരിതൂകും പെണ്ണല്ലേ ഇടുക്കി.
ഇവളാണ് ഇവളാണ് മിടുമിടുക്കി.
മലയാളക്കരയുടെ മടിശീല നിറയ്ക്കണ
നനവേറും നാടല്ലോ ഇടുക്കി
ഇവളാണിവളാണ് മിടുമിടുക്കി.
ഇവിടുത്തെ കാറ്റാണ് കാറ്റ്...
മല മൂടും മഞ്ഞാണ് മഞ്ഞ്
കതിര്‍ കനവേകും മണ്ണാണ് മണ്ണ്...
No comments:
Post a Comment